തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തെത്തുടർന്ന് ആരോപണ-പ്രത്യാരോപണങ്ങളുമായി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ആശുപത്രികളിൽ ലോക്കൽ പർച്ചേസ് മരുന്ന് എത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പ്രതിപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട രോഗത്തിന്റെ മരുന്നിനു മാത്രമേ ക്ഷാമമുള്ളൂ എന്നും പ്രതിപക്ഷ ബഹളത്തിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ മരുന്നു വാങ്ങാനുള്ള ടെൻഡർ നടപടി കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിക്കാതിരുന്നതാണ് ഇപ്പോൾ ചില മരുന്നുകൾക്ക് ക്ഷാമമുണ്ടാകാൻ കാരണമായതെന്ന് മറുപടിപ്രസംഗത്തിൽ മന്ത്രി ആരോപിച്ചു.
ബ്രാൻഡഡ് കന്പനികളുടെ മികച്ച മരുന്നുകളാകും അടുത്ത വർഷം മുതൽ വാങ്ങുക. കൊല്ലം, വയനാട് സർക്കാർ മെഡിക്കൽ കോളജുകളിൽ സിടി സ്കാൻ സംവിധാനം അടുത്ത മാസം മുതൽ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലെ മരുന്നു ക്ഷാമത്തിനു പിന്നിൽ രഹസ്യ അജൻഡയുണ്ടെന്നു സംശയമുണ്ടെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ചികിത്സാരംഗം വൻകിട കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ഐഎഎസുകാരായ എംഡിമാരെ നിയമിക്കുന്നില്ല. ജനറൽ മാനേജരാണ് എംഡിയുടെ ചുമതല വഹിക്കുന്നത്. ഇതിൽ എന്തോ ദുരൂഹത മണക്കുന്നു. എൻഎച്ച്എമ്മിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ചിലരെ മാത്രം നിലനിർത്തിയത് വേറെ ചില കളികളുടെ ഭാഗമാണെന്നും പിണറായി വിജയൻ ആരോപിച്ചു.
സംസ്ഥാനത്തിന്റെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ കെ.വി. സുമേഷ് ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.